Wednesday 19 September 2012

ബാബുരാജ് പാടുന്നു

---------------------------------------------
ബാബുരാജ് പാടുന്നു നിശാ സത്രത്തില്‍
ബാവുലിന്‍ സ്വരലയ സാഗര ഗരിമയില്‍
മൂകയാം ഇരുള്‍ തേങ്ങുന്നു രാഗങ്ങള്‍ തന്‍
മോഹനദീപ്തിയില്‍ നൊമ്പരം മുറുകുമ്പോള്‍
ഇരുളിന്‍ കൈക്കുമ്പിളില്‍ മഴ പെയ്തൊഴിയുന്നു
രാവിന്‍ ഹൃദയം തിമിര്‍ക്കുമീ ഗന്ധര്‍വ സംഗീതത്തില്‍
ഇവിടെ പിറക്കുന്നു ഷഡ്കാല സംയോഗങ്ങള്‍
അനുഭൂതികള്‍ തീര്‍ത്ത ആത്മ ഗീതകങ്ങള്‍
പശി തന്‍ പാശത്താലെ ബന്ധിച്ച നിന്‍ ശരീരത്തെ
വശ്യ സദസ്സാല്‍ മയക്കുന്ന രാഗമാലികകള്‍

ബാബുരാജ് പാടുമ്പോള്‍ എന്‍ ആത്മാവില്‍ ഒഴുകുന്നു
ദേവസങ്കീര്‍ത്തനങ്ങള്‍ തന്‍ പ്രേമസരണികള്‍
ഓര്‍മ്മകള്‍ വാചാലമായ് അവന്‍ ചരിച്ച കാലത്തിന്റെ
നേര്‍മ്മകള്‍ തിരയുന്നെന്‍ മനസങ്കേതങ്ങള്‍
തെരുവിന്‍ സങ്കീര്‍ത്തനം പഞ്ചനക്ഷത്രമുറി
തന്‍ തടവില്‍ കിടന്ന നാളുകളില്‍
നീ നടന്നൊരാ മായിക ലോകത്തിന്റെ
ജാലവിദ്യകള്‍ തന്‍ മധുമയലഹരികള്‍
അഭയം തിരഞ്ഞു നീ അലയുമ്പോഴും
നിന്റെ മധുരഗീതങ്ങള്‍ തന്‍ ഉത്സവതിമിര്‍പ്പുകള്‍
ശ്രുതിസാന്ത്വനങ്ങള്‍ തന്‍ തടവില്‍
രോഗങ്ങള്‍ തന്‍ പിടിയില്‍ നീ കിടക്കും നാളുകളില്‍
പടിപൂജകള്‍ നല്‍കി നിന്നെ വണങ്ങും ലോകത്തിന്റെ
പുതിയ മുഖം കണ്ടു നീ ഭയന്ന യാമങ്ങള്‍
തിരയുന്നുണ്ട് പ്രിയ ഗായകാ ഈ നിശാസത്ര
തടവില്‍ കിടന്നു ഞാന്‍ നിന്നെ സ്രവിക്കും ഈ രാത്രിയില്‍
മരണം കൊണ്ട് മാത്രം മാനവ മഹത്വത്തിന്‍
മധുരം വാരി വിളമ്പും കാപട്യം ഇന്നിന്‍ ലോകം
ഉറക്കെ പാടുന്നുണ്ട് നിന്റെ സ്തുതിഗീതങ്ങള്‍

ബാബുരാജ് പാടുന്നു രാത്രികള്‍ ...പകലുകള്‍
തെരുവിന്‍ ..നഗരത്തിന്‍ വേര്‍തിരിവില്ലാതെയും
നൊമ്പരം കുറിച്ചിട്ട സ്വരതാളങ്ങളില്‍ നിന്റെ
രാഗ മന്ത്രണം മൂളി കേട്ട് പുകഴ്ത്താന്‍ തുടങ്ങുമ്പോള്‍
ലഹരി തിമിര്‍ക്കുന്ന കണ്‍കളും മനസ്സുമായ്
നഗര രാത്രി തന്‍ അന്ത്യ യാമം വരെ
ജീവനബോധത്തിനെ കൊന്നോടുക്കവേ ഞാന്‍
അറിയുന്നു നിന്‍ ആത്മവേദനകളുടെ
ആലയമായിരുന്നോരാ നിന്‍ സംഗീത സപര്യയെ

0 comments:

Post a Comment