Thursday 20 September 2012

പുഴ പറയാത്ത കഥ


------------------------------------------------
ഓരോ പുഴയ്ക്കും ഒരു കഥ പറയാനുണ്ട്
താന്‍ ചരിച്ച വഴികളില്‍ കണ്ടവരുടെ കഥ
മലനിരകളിലെ മനുഷ്യരുടെ കഥ
പാറക്കെട്ടും മരവും മൃഗങ്ങളും
ദൈവത്വത്തില്‍ പൂജിച്ഛവരുടെ കഥ
കാപട്യത്തിന്‍ പ്രകൃതി സ്നേഹത്തിന്‍ കഥ
കുന്നിനും മരത്തിനും മുറിവേല്‍പ്പിച്ചു
മണ്ണ് സ്വന്തമാക്കുന്നവരുടെ കഥ
തന്റെ നെഞ്ചിന്‍ മണല്‍ തോണ്ടി വിറ്റു
മണിമന്ദിരങ്ങള്‍ പണിതവരുടെ കഥ
ഉപഭോഗതയുടെ ഉലകില്‍ ജീവിതം തേടി മടുത്തു
തന്റെ ജലധിയില്‍ ജീവിതമുപേക്ഷിച്ചവരുടെ കഥ

ഓരോ പുഴയ്ക്കും ഒരു കഥ പറയാനുണ്ട്
ഉറവയില്‍ നിന്നും സമുദ്രത്തിലേക്കുള്ള യാത്രയില്‍
അവളെ തേടി വന്ന ഉപഭോഗങ്ങളുടെ കഥ
തന്നെ വഴിതെറ്റിക്കാന്‍ ചാല്‍ കീറി വന്നവര്‍
ദാഹ ജലം മുട്ടിക്കും മാലിന്യം നല്‍കിയോര്‍
കരിങ്കല്‍കെട്ടില്‍ അണകെട്ടാന്‍ തുനിഞ്ഞവര്‍
തന്റെ അവകാശത്തിനായ്‌ കോടതി കയറിയോര്‍

ഓരോ പുഴയ്ക്കും ഒരു കഥ പറയാനുണ്ട്
മരണം കാത്തിരിക്കും നാളിന്റെ കഥ
മലനിരകളിലെ കരിങ്കല്‍ ക്വാറികള്‍
ഉറവക്കെട്ടുകള്‍ തകര്‍ത്ത നാളില്‍
ജലമില്ലാതെ വലഞ്ഞു വേനലിന്‍
തടവില്‍ വറ്റി വരണ്ടു കിടന്ന നാള്‍
തന്റെ ആഴങ്ങളെ ചരല്‍പുതപ്പിച്ചു
തന്നെ സ്വന്തമാക്കുന്നവരുടെ കഥ
താന്‍ കണ്ട ചരിത്രവും സമരവും
ജീവനത്തിന്‍ വിസ്മൃതി പൂണ്ട പോല്‍
താനും ചരിത്രമാകാന്‍ പോകുന്ന കഥ

ഒഴുകുകം വഴികളില്‍ നിന്നും
പുഴയ്ക്കൊരുപാട് കഥകള്‍ കിട്ടിയിട്ടുണ്ട്
അവ കടലിലെക്കെടുക്കാന്‍ മടികൊണ്ടാവണം
അവള്‍ കുഞ്ഞരുവികള്‍ തേടുന്നത്
തമസ്സ് പൂണ്ട മനസ്സാല്‍ പ്രകൃതിയെ
ഞെരിച്ചു കൊല്ലും മനുഷ്യര്‍ക്ക്‌ കാണുവാന്‍
ഒഴുക്ക് ജലത്തിന്റെ വശങ്ങളില്‍ അവ
കുറിച്ച് വെക്കട്ടെ ആ ജീവന കഥകളെ

0 comments:

Post a Comment