യാത്രയുടെ ദിനങ്ങളില്‍

വേര്‍തിരിവില്ലാത്ത വഴികളിലൂടെ ജീവിതവും തിരഞ്ഞു നടത്തുന്ന പതിവ് യാത്രകള്‍

അനുഭവങ്ങള്‍ നിറച്ചു തന്ന അക്ഷരക്കൂട്ടുകള്‍

മഷിയുടെ നനവ്‌ പടര്‍ന്ന വിരലുകളിലൂടെ മനസ്സ് അനുഭവങ്ങളെ എഴുതി വെക്കുന്നു ..

എഴുത്തിന്‍റെ സൌഹൃദ കൂട്ടങ്ങള്‍

വാക്കിന്‍ വെളിച്ചത്തില്‍ തമ്മില്‍ കൂട്ട് കൂടുന്നവരുടെ സൌഹൃദ സ്മൃതികള്‍

അന്വേഷണങ്ങളുടെ അനന്തതയില്‍

വഴികള്‍ ഏറെ നടന്നു തളര്‍ന്നാലും മനസ്സിനെന്നും പുനരന്വേഷണ ചിന്തകള്‍..

Thursday 20 September 2012

ശവക്കോട്ടയിലെ അഗ്നിയില്‍

ശവക്കോട്ടയിലെ അഗ്നിയില്‍
ചുട്ടുപൊള്ളുന്ന മസ്തിഷ്ക്കത്തില്‍
അവന്റെ നുരഞ്ഞു പൊങ്ങുന്ന
ചിന്തകള്‍ മയങ്ങിക്കിടക്കുന്നുണ്ട്
ജീവിതാസകതിയുടെ വെളിപ്പറമ്പുകളില്‍
അവന്‍ കെട്ടിയാടിയ വേഷങ്ങള്‍
ജീവനതന്ത്രത്തിന്റെ ഉള്ളറകളില്‍
അവന്‍ കെട്ടാന്‍ മറന്ന വേഷങ്ങള്‍
ഓര്‍മ്മയും മറവിയും പോരടിച്ച നാളുകളില്‍
അവന്‍ മറവിയിലേക്ക് വലിച്ചെറിഞ്ഞ ഓര്‍മ്മകള്‍
ആ മസ്തിഷ്കത്തിന്റെ ഇന്ദ്രിയ പഥത്തില്‍
കൊടുംചൂടിലും മയങ്ങിക്കിടക്കുന്നുണ്ടാവും
മരണം കൊണ്ട് നാം അന്യന്റെ
നന്മയെ തിരയുന്ന മഹാമാനസ്കതയില്‍
ജീവിതം കൊണ്ട് തിരയാന്‍ മടിച്ച
നൂറുനൂറായിരം നന്മകള്‍ ആര്‍ക്കോ വേണ്ടി
ചാലകശക്തി നശിച്ച അവന്റെ മസ്തിഷ്കത്തില്‍
നീറും അഗ്നി തന്‍ നിര്‍വികാരതയില്‍
നീന്തി നീന്തി അസ്തമിക്കുന്നുണ്ടാകും
മനുഷ്യന്‍ എന്നും മാന്യനാകുന്നതും
മാനിക്കപ്പെടുന്നതും ശവക്കോട്ടകളിലല്ലോ

എസ് കെ പൊറ്റക്കാട്

മിഠായി തെരുവിലെക്കുള്ള വഴിയിലെ തണല്‍മരം
നിന്റെ പതിവ് സഞ്ചാരം കാത്തിരിപ്പുണ്ട്‌
പൊതു വായനശാലയുടെ വാതിലുകള്‍
നിന്റെ പതിവ് വായനക്കായി കാതോര്‍ത്തിരിപ്പുണ്ട്
ആര്യഭവനിലെ ചായക്കൊപ്പകള്‍ നിന്റെ
വാക്പ്രവാഹത്തിന്‍ രസതന്ത്രം തിരഞ്ഞു നില്‍പ്പുണ്ട്
കാപ്പിരികളുടെ നാട്ടില്‍ നിന്നും കടല്‍കടന്നു വന്ന
കാഴ്ചകളുടെ മൊഴിയില്‍ നീ നിന്നെ പകര്‍ത്തുമ്പോള്‍
കോഴിക്കോട്ടങ്ങാടിയുടെ നടവഴികളില്‍ നിന്നെയും കാത്തു
തിക്കോടിയനും കൊടുങ്ങല്ലൂരും കെടിയും എം ടിയുമുണ്ടായിരുന്നു
മാനാഞ്ചിറയുടെ വിശാലതയിലേക്ക്‌
മയ്യഴിയില്‍ നിന്നും നീ തീവണ്ടിയിറങ്ങുമ്പോള്‍
അനുഭവങ്ങളുടെ നഗരം നിന്റെ അക്ഷരങ്ങള്‍ തിരഞ്ഞു
ജനനിബിഡതയില്‍ അലിഞ്ഞില്ലാതാകുന്നു ...
പാട്ടുലഹരി പൂണ്ട തെരുവുകളിലൂടെ
നിന്റെ എഴുത്തുകൂട്ടം നടന്നു പോകുമ്പോള്‍
കാത്തു നിന്ന് നഗരം നിങ്ങളുടെ വാക്കുകള്‍ ശ്രവിച്ചിരുന്നു
ഒരു ദേശത്തിന്റെ കഥയും ചൊല്ലി
ഈ തെരുവുകള്‍ നിന്റെ ഒറ്റപ്പെടലിന്റെ തീവ്രതയും
സഞ്ചാരത്തിന്റെ വിശാലതയും പങ്കിട്ടെടുക്കുമ്പോള്‍
എസ് കെ ശരീരത്തിന് പ്രവേശനമില്ലാത്ത ലോകത്തെ
ഏതു വിചിത്ര ദ്വീപുകളിലാണ് താങ്കള്‍
ഞങ്ങള്‍ക്കായി ചുറ്റിക്കറങ്ങുന്നത് ?

പുഴ പറയാത്ത കഥ


------------------------------------------------
ഓരോ പുഴയ്ക്കും ഒരു കഥ പറയാനുണ്ട്
താന്‍ ചരിച്ച വഴികളില്‍ കണ്ടവരുടെ കഥ
മലനിരകളിലെ മനുഷ്യരുടെ കഥ
പാറക്കെട്ടും മരവും മൃഗങ്ങളും
ദൈവത്വത്തില്‍ പൂജിച്ഛവരുടെ കഥ
കാപട്യത്തിന്‍ പ്രകൃതി സ്നേഹത്തിന്‍ കഥ
കുന്നിനും മരത്തിനും മുറിവേല്‍പ്പിച്ചു
മണ്ണ് സ്വന്തമാക്കുന്നവരുടെ കഥ
തന്റെ നെഞ്ചിന്‍ മണല്‍ തോണ്ടി വിറ്റു
മണിമന്ദിരങ്ങള്‍ പണിതവരുടെ കഥ
ഉപഭോഗതയുടെ ഉലകില്‍ ജീവിതം തേടി മടുത്തു
തന്റെ ജലധിയില്‍ ജീവിതമുപേക്ഷിച്ചവരുടെ കഥ

ഓരോ പുഴയ്ക്കും ഒരു കഥ പറയാനുണ്ട്
ഉറവയില്‍ നിന്നും സമുദ്രത്തിലേക്കുള്ള യാത്രയില്‍
അവളെ തേടി വന്ന ഉപഭോഗങ്ങളുടെ കഥ
തന്നെ വഴിതെറ്റിക്കാന്‍ ചാല്‍ കീറി വന്നവര്‍
ദാഹ ജലം മുട്ടിക്കും മാലിന്യം നല്‍കിയോര്‍
കരിങ്കല്‍കെട്ടില്‍ അണകെട്ടാന്‍ തുനിഞ്ഞവര്‍
തന്റെ അവകാശത്തിനായ്‌ കോടതി കയറിയോര്‍

ഓരോ പുഴയ്ക്കും ഒരു കഥ പറയാനുണ്ട്
മരണം കാത്തിരിക്കും നാളിന്റെ കഥ
മലനിരകളിലെ കരിങ്കല്‍ ക്വാറികള്‍
ഉറവക്കെട്ടുകള്‍ തകര്‍ത്ത നാളില്‍
ജലമില്ലാതെ വലഞ്ഞു വേനലിന്‍
തടവില്‍ വറ്റി വരണ്ടു കിടന്ന നാള്‍
തന്റെ ആഴങ്ങളെ ചരല്‍പുതപ്പിച്ചു
തന്നെ സ്വന്തമാക്കുന്നവരുടെ കഥ
താന്‍ കണ്ട ചരിത്രവും സമരവും
ജീവനത്തിന്‍ വിസ്മൃതി പൂണ്ട പോല്‍
താനും ചരിത്രമാകാന്‍ പോകുന്ന കഥ

ഒഴുകുകം വഴികളില്‍ നിന്നും
പുഴയ്ക്കൊരുപാട് കഥകള്‍ കിട്ടിയിട്ടുണ്ട്
അവ കടലിലെക്കെടുക്കാന്‍ മടികൊണ്ടാവണം
അവള്‍ കുഞ്ഞരുവികള്‍ തേടുന്നത്
തമസ്സ് പൂണ്ട മനസ്സാല്‍ പ്രകൃതിയെ
ഞെരിച്ചു കൊല്ലും മനുഷ്യര്‍ക്ക്‌ കാണുവാന്‍
ഒഴുക്ക് ജലത്തിന്റെ വശങ്ങളില്‍ അവ
കുറിച്ച് വെക്കട്ടെ ആ ജീവന കഥകളെ

ഓഷോ

ഓഷോ ആത്മ വിചാരത്തിന്‍ വാചാലതയെ
ആത്മീയതയുടെ തടവില്‍ നിന്നും
ലൌകീകതയുടെ തെരുവ് വിചാരണയില്‍ നിന്നും
പറിച്ചെടുത്തു നമുക്കായ് സമര്‍പ്പിക്കുമ്പോള്‍
നാം നമ്മെ തന്നെ പണയപ്പെടുത്തുന്നു
 
വിഷയോല്‍പ്പത്തിയുടെ അത്യുന്നതിയില്‍ നിന്നും
വിഷയാസക്തിയുടെ വിപ്ലവ വായാടിത്തം
ലിംഗഭേധത്തിന്‍ അതിര്‍വരമ്പുകള്‍ തിരയുമ്പോള്‍
ഓഷോ പുരുഷനിലെ സ്ത്രീയെയും
സ്ത്രീയിലെ പുരുഷനെയും തിരയുന്നു
ആത്മാവിഷ്കാരത്തിന്‍ ഭാഷ അനുപമമെന്നു
അവന്‍ ശിഷ്യരെ പഠിപ്പിക്കുമ്പോള്‍
ആത്മാവ് നഷടപ്പെട്ടവരുടെ ലോകത്തില്‍
നാം തേടുന്നത് നമ്മെയെന്നു സ്വയം തിരിച്ചറിയുമ്പോള്‍
മുള്ളുകൊണ്ട് കീറിയ ഹൃദയത്തില്‍
മുറിവേറ്റു തളര്‍ന്ന വാക്കുകളില്‍
ഉള്ളു നീറുന്ന പരാജന്മ ചിന്തയില്‍
പ്രതീക്ഷയുടെ ലേപനം പുരട്ടി
അടുത്ത ദിനത്തിന്‍ സുഖത്തിലെക്കുള്ള യാത്രയില്‍
ഞാനും നീയും തെരുവും നഗരവും പിന്നിടുമ്പോള്‍
ഓഷോ അടഞ്ഞ മുറിയില്‍ വീണ
ഇളം വെളിച്ചത്തെ ചൂണ്ടി
ഇരുളിന് വ്യാഖ്യാനം ചമയ്ക്കുന്നു
 
ഞാന്‍ ഇന്നുംഎന്നും ഓഷോയെ വായിക്കുന്നു
കാരണം എനിക്കുമുന്‍പേ ഓഷോ
എന്നെ വായിച്ചിരിക്കുന്നു ....
അടച്ചുവെച്ച പാത്രത്തിലെ നിധി നിക്ഷേപം പോലെ
ആസക്തികള്‍ ഒളിപ്പിച്ച ശരീരവുമായി
ആത്മീയത പൊലിപ്പിക്കുന്ന യാത്രകളെ
അവന്‍ എന്നും വെല്ലുവിളിക്കുന്നു

കവിതയുടെ മരണം

അലമാരയിലെ ചിതല്‍പുറ്റില്‍ ഏതോ
അവധൂതന്‍റെ കവിത മരിക്കാന്‍ തുടങ്ങുന്നു
മരുഭൂമികള്‍ തേടിയുള്ള യാത്രയില്‍
മനസ്സില്‍ മാനവികത മരണം വരിക്കുന്നു
വാക്ക് വറ്റിയ മഷിപ്പേനയില്‍ നിന്നും
നോക്ക് വിപ്ലവം പിറക്കാന്‍ തുടങ്ങുമ്പോള്‍
പട്ടിണി കോര്‍ത്ത ജപമാലയില്‍
ആത്മാവിനായ്‌ മദ്ധ്യസ്ഥ പ്രാര്‍ത്ഥന
കുരിശില്‍ നിന്നും കുമ്പസാരക്കൂട്ടിലേക്ക്
ദൈവപുത്രന്‍ പറിച്ചു നടപ്പെട്ടപ്പോള്‍
തിരിച്ചറിവില്ലാത്ത ബാല്യങ്ങള്‍
ദേവാലയ പടിയില്‍ വിശുദ്ധ ഭിക്ഷാടകര്‍
എനിക്കെഴുതാന്‍ പേനയും മനസ്സും തന്നവര്‍
എന്‍റെ ഓര്‍മ്മകളെ വേട്ടയാടി തുടങ്ങുമ്പോള്‍
ആ അവദൂതന്റെ അടഞ്ഞ പുസ്തകത്താളില്‍
എന്‍റെ  കവിതയുടെ മരണം സംഭവിക്കുന്നു
ഇന്നലത്തെ പെരുമഴയില്‍ നനഞ്ഞൊലിച്ച
എന്റെ നിര്‍വികാരതയുടെ നിലവിളികളില്‍
ഞാന്‍ ദൈവത്തിനും പിശാചിനുമിടയില്‍
സന്ധി ഭാഷണത്തിനുള്ള ഭാഷ തിരയുന്നു

അമ്പത്തൊന്നു മുറിവുകള്‍

ആളൊഴിഞ്ഞ വഴിയുടെ ഇരുട്ടില്‍
നീ എന്റെ ചിന്തയെ വെട്ടി വീഴ്ത്തുമ്പോള്‍
ജീവിതം തിരഞ്ഞവന്റെ പ്രത്യയ ശാസ്ത്രം
നീരൊഴുക്കറ്റ ഇരുള്‍ വഴിയോന്നില്‍
അമ്പത്തൊന്നു അക്ഷരം തിരയുന്നു
അനീതിയുടെ മുറിവുകളില്‍ നീതിമാന്റെ
നിലവിളികള്‍ ചിന്തനം പുരട്ടുമ്പോള്‍
അവര്‍ വിപ്ലവത്തിന്റെ വിളക്കൂതുന്നു
ഒറ്റുകാരന്റെ തുണയും വേട്ടക്കാരന്റെ നുണയും
ചത്ത വിപ്ലവം തിരുത്തിയെഴുതുമ്പോള്‍
വേട്ട നായ്ക്കള്‍ക്ക് തുണയിരിക്കുവാന്‍
പോയോന്‍ എന്തിയ കൊടികളില്‍
മലമടക്കുകളുടെ മാര്‍ പിളര്‍ന്നോനും
പുഴയെ മാനഭംഗം ചെയ്തോനും
അഴിമതി ആത്മാവില്‍ കൊരുത്തവനും
ഏതോ നീതിമാന്റെ രക്തം പുരട്ടിയിരിക്കുന്നു

ഈവന്റ് മാനേജ്മെന്‍റ്

-----------------------------
ജനിച്ചപ്പോള്‍ അവന്‍ വന്നു
പേരിടല്‍ ..കാത്തു കുത്തു..
ഇരുപത്തിയെട്ടു പിറന്നാള്‍
ഒന്നാം ജന്മ ദിനം ...
ജാതകമെഴുതെണ്ട ജ്യോത്സ്യന്‍
കാത്തു കുത്തേണ്ട തട്ടാന്‍
സദ്യ വട്ടത്തിന്റെ വെപ്പും തീറ്റിക്കലും
ഒരൊറ്റ പാക്കേജില്‍ ...തവണ വ്യവസ്ഥയില്‍

ഗൃഹ ചിന്ത ജനിച്ചപ്പോള്‍ അവന്‍ വന്നു
ഭൂമി,പ്ലാന്‍,ബാങ്ക് ലോണ്‍,പാല് കാച്ചല്‍
വീട് നിര്‍മ്മാണത്തിന്റെ സൂത്ര വിദ്യകള്‍
ബാങ്ക് ലോണിനുള്ള കുറുക്കു വഴികള്‍
പാലുകാച്ചലിന്‍ സദ്യയും വിളമ്പും
ഒരൊറ്റ പാക്കേജില്‍ .....

മകള്‍ക്ക് വിവാഹ ചിന്ത ജനിച്ചപ്പോള്‍
അവന്‍ വന്നു മാട്രിമോണിയാല്‍ കോളവുമായി
വരന്‍,വസ്ത്രം,സ്വര്‍ണ്ണം,വിവാഹം,ഹണിമൂണ്‍
മകള്‍ക്കിഷ്ടപ്പെട്ട വരന്‍ ...
മലബാര്‍ ഗോള്‍ഡ്‌ സ്വര്‍ണ്ണം , കല്യാണ്‍ വസ്ത്രം
വിവാഹവും സദ്യയും ഊട്ടലും ...
ഹണിമൂണ്‍ പാക്കേജുകള്‍ ..
ഒരൊറ്റ പാക്കേജില്‍ ..തവണ വ്യവസ്ഥയില്‍ ...

ആഡംബര ഭവനവും അഹങ്കാര വിവാഹവും
ജീവിതത്തിന്റെ അക്കൌണ്ടുകള്‍ വെളുപ്പിച്ചപ്പോള്‍
ജപ്തി നോട്ടീസുമായ് അവന്‍ വന്നു , കോടതിയും
വീട് വില്പന, കടം തീര്‍ക്കല്‍ , വാടക വീട്
വാടക വീട്ടിലെ ഗൃഹ പ്രവേശം
ഒരൊറ്റ പാക്കേജില്‍ ....തവണ വ്യവസ്ഥയില്‍

അഭിമാന ബോധം ആത്മഹത്യാ ചിന്ത ജനിപ്പിച്ചപ്പോള്‍
അവന്‍ വീണ്ടും വന്നു ..
മരിക്കാനുള്ള എളുപ്പ വഴികള്‍ , ശവമടക്ക് , പിണ്ട സദ്യ
വിവിധ കമ്പനികളുടെ വിഷങ്ങള്‍
പോസ്റ്റ്‌മോര്‍ട്ടത്തിന്റെ നടപടി ക്രമങ്ങള്‍
ശവമടക്കും ദുഖാചാരണവും
പിണ്ടസദ്യയും നാല്പത്തൊന്നും
ഒരൊറ്റ പാക്കേജില്‍ ...മുന്‍‌കൂര്‍ പെയ്മെന്റില്‍