Thursday 20 September 2012

എഴുത്തുകാരന്‍റെ മുറിയില്‍


(സുഹൃത്തായ എഴുത്തുകാരന്‍റെ മുറിയില്‍)

കടുപ്പം തോന്നിക്കുന്നു സുഹൃത്തേ നിന്‍ വാക്കുകള്‍
കനം താങ്ങാതെ തകര്‍ന്നു താരതമ്യത്തിന്‍ തുലാസ്സുകള്‍
സ്കെയിലും കത്രികയും കാട്ടി
നിന്നെ ഭയപ്പിച്ച നിരൂപകന്‍
വെയില്‍ കൊള്ളുന്നുണ്ട് നിന്‍
പടിക്കല്‍ ആമുഖം എഴുതുവാന്‍
കഴിഞ്ഞ രചനയില്‍
നീ ഒഴിവാക്കിയ വാക്കുകള്‍ പ്രതിഷേധിക്കുന്നുണ്ട്‌
ചുളിഞ്ഞ കടലാസ്സില്‍ ഈ ചവറ്റു കോട്ടയില്‍.
എഴുത്തിന്‍ പേറ്റുനോവില്‍ നീ ഉഴുതു മറിച്ചിട്ട
മുറിയില്‍ നിറയുന്നു ഭാവനാ ദുര്‍ഗന്ധങ്ങള്‍.
എഴുത്തിന്‍ രസതന്ത്രം കുമിഞ്ഞു കൂടുന്നുണ്ട്
നീ പുകച്ചു തള്ളിയ ചുരുട്ടിന്‍ ശവക്കോട്ടയില്‍.
ഉറക്കം വെടിഞ്ഞ നിന്‍റെ കണ്‍കൊണിഴകളില്‍
ചുവപ്പ് നിറക്കുന്നു എഴുത്തിന്‍ വ്യായാമങ്ങള്‍
ഉലഞ്ഞ മുടിയിഴ തഴുകും വിരലുകള്‍
പറയുന്നുണ്ട് എഴുത്തിന്‍ അദ്ധ്വാനങ്ങള്‍
മുഷിഞ്ഞ കിടക്കയില്‍ ഉറങ്ങാന്‍ കിടക്കുന്നു
മാര്‍ക്ക്വിസ് പിന്നെ ഓഷോയും അയ്യപ്പനും
ഇടവേളകളില്‍ നിന്‍റെ വായനാ സുകൃതങ്ങള്‍
ചുവരിന്‍ പഴക്കത്തില്‍ ഒളികണ്ണിട്ടു നോക്കെ
പഴയ നഗരത്തിന്‍ ജലചായാ ചിത്രം
മനസ്സില്‍ ആകുലതകള്‍ നിന്നെ എഴുതിക്കും കാലം
മുരിക്കും മുള്‍ക്കിരീടവും ചുമക്കും കാലം
എഴുതി നിറച്ചോരീ അലമാരികളില്‍
അരികും ചേര്‍ന്ന് കാലം കാട്ടും യുഗസൃഷികന്മാരും

സുഹൃത്തേ നിന്നെ ആദ്യം കണ്ടൊരാ ദിനത്തില്‍
ജനിക്കാന്‍ മടിച്ചെന്നില്‍ ഭാവനാ വൈരുധ്യങ്ങള്‍
മെരുങ്ങാന്‍ മടിക്കുന്ന വാക്കിനെ നീ നിന്‍റെയാ
സ്മൃതികള്‍ കാട്ടി മെല്ലെ മയക്കി തുടങ്ങുമ്പോള്‍
ഒഴുകും നദി പോലെ തൂവെള്ള കടലാസ്സില്‍
വരിയായ് നിറയുന്നു നിന്‍ ഭാവനാ സമീക്ഷകള്‍
പകല്‍കള്‍ പലതു നാം അലഞ്ഞ നഗരത്തിന്‍
ഹൃദയം കട്ടെടുത്തു നീയതില്‍ ചേര്‍ക്കും നേരം
നിന്‍ അനുഭവത്തിന്‍ ആത്മ നിര്‍വൃതികള്‍
ഞാന്‍ അറിയുന്നുണ്ടാ വരികള്‍ക്കിടയിലും
ഉറക്കം ചായും നിന്‍റെ മൊഴികള്‍ കേള്‍ക്കും നേരം
സുഹൃത്തേ യാത്ര ചെയ്‌വൂ ഉലക സരസ്സിതില്‍
എഴുത്തില്‍ യാത്ര ചെയ്യാന്‍ എന്നെ നീ നിര്‍ബന്ധിക്കെ
മടിച്ചു പ്രാരാബ്ധത്തില്‍ ചിന്തയാലെന്‍റെ മനം
പുതുകാലാത്തിന്‍ വഴി നിന്നെ അനുഗമിക്കും നേരം
ഉദയം ചെയ്‌വൂ എന്നില്‍ നിന്‍റെ പ്രതിഭാ സമസ്യകള്‍

0 comments:

Post a Comment