Thursday 20 September 2012

എസ് കെ പൊറ്റക്കാട്

മിഠായി തെരുവിലെക്കുള്ള വഴിയിലെ തണല്‍മരം
നിന്റെ പതിവ് സഞ്ചാരം കാത്തിരിപ്പുണ്ട്‌
പൊതു വായനശാലയുടെ വാതിലുകള്‍
നിന്റെ പതിവ് വായനക്കായി കാതോര്‍ത്തിരിപ്പുണ്ട്
ആര്യഭവനിലെ ചായക്കൊപ്പകള്‍ നിന്റെ
വാക്പ്രവാഹത്തിന്‍ രസതന്ത്രം തിരഞ്ഞു നില്‍പ്പുണ്ട്
കാപ്പിരികളുടെ നാട്ടില്‍ നിന്നും കടല്‍കടന്നു വന്ന
കാഴ്ചകളുടെ മൊഴിയില്‍ നീ നിന്നെ പകര്‍ത്തുമ്പോള്‍
കോഴിക്കോട്ടങ്ങാടിയുടെ നടവഴികളില്‍ നിന്നെയും കാത്തു
തിക്കോടിയനും കൊടുങ്ങല്ലൂരും കെടിയും എം ടിയുമുണ്ടായിരുന്നു
മാനാഞ്ചിറയുടെ വിശാലതയിലേക്ക്‌
മയ്യഴിയില്‍ നിന്നും നീ തീവണ്ടിയിറങ്ങുമ്പോള്‍
അനുഭവങ്ങളുടെ നഗരം നിന്റെ അക്ഷരങ്ങള്‍ തിരഞ്ഞു
ജനനിബിഡതയില്‍ അലിഞ്ഞില്ലാതാകുന്നു ...
പാട്ടുലഹരി പൂണ്ട തെരുവുകളിലൂടെ
നിന്റെ എഴുത്തുകൂട്ടം നടന്നു പോകുമ്പോള്‍
കാത്തു നിന്ന് നഗരം നിങ്ങളുടെ വാക്കുകള്‍ ശ്രവിച്ചിരുന്നു
ഒരു ദേശത്തിന്റെ കഥയും ചൊല്ലി
ഈ തെരുവുകള്‍ നിന്റെ ഒറ്റപ്പെടലിന്റെ തീവ്രതയും
സഞ്ചാരത്തിന്റെ വിശാലതയും പങ്കിട്ടെടുക്കുമ്പോള്‍
എസ് കെ ശരീരത്തിന് പ്രവേശനമില്ലാത്ത ലോകത്തെ
ഏതു വിചിത്ര ദ്വീപുകളിലാണ് താങ്കള്‍
ഞങ്ങള്‍ക്കായി ചുറ്റിക്കറങ്ങുന്നത് ?

0 comments:

Post a Comment